Monday, 23 April 2012

സമരം ജനങ്ങളുടെ ഉത്സവമാണു്, ഉത്സവങ്ങള്‍ ചേരുന്നതു് മഹോത്സവമാണു്, ഈ മഹോത്സവമാണു് വിപ്ലവം, വിപ്ലവമാണു് സമൂഹ്യ പരിവര്‍ത്തനമുണ്ടാക്കുന്നതു്.


കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നു് ആവശ്യപ്പെട്ടു കൊണ്ടു് കൃഷിയേയും കര്‍ഷകരേയും രക്ഷിക്കാനുള്ള കേരള കര്‍ഷക സംഘത്തിന്റെ പഞ്ച ദിന കര്‍ഷക സത്യാഗ്രഹം എറണാകുളം കളക്ട്രേറ്റിനു് മുമ്പില്‍ ആരംഭിച്ചു. വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച വിളകള്‍ കൊണ്ടു് അലംകൃതമായ സമര പന്തലില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സമരം ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഭൂമാഫിയയ്ക്കെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. കേരളത്തില്‍ എറണാകുളത്താണു് ഏറ്റവുമേറെ ഭൂമാഫിയ പ്രവര്‍ത്തനം നടക്കുന്നതെന്നു് ആദ്ദേഹം സൂചിപ്പിച്ചു. പെരുമ്പാവൂരില്‍ 46 ഏക്കര്‍ പാടം നികത്തിക്കൊണ്ടിരിക്കുന്നിടത്തേയ്ക്കാണു് കര്‍ഷകരും കര്‍ഷക തൊഴിലാളികളും മാര്‍ച്ചു് ചെയ്യുക എന്നു് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരുണത്തിലാണു് സമരം ജനങ്ങളുടെ ഉത്സവമാണെന്നും അത്തരം സമരങ്ങളുടെ വേലിയേറ്റമാണു് വിപ്ലവമെന്ന മഹോത്സവമെന്നും അദ്ദേഹം പറഞ്ഞു. ഈ സമര പ്രഖ്യാപനം സമര സഖാക്കളെ ആവേശം കൊള്ളിച്ചു.

കര്‍ഷക ആത്മ ഹത്യ തടയുക, രാസവളം മിതമായ വിലയ്ക്കു് കര്‍ഷകര്‍ക്കു് ലഭ്യമാക്കുക, കര്‍ഷകര്‍ക്കു് ഉപാധി രഹിത പട്ടയം നല്‍കുക, നാലു് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ അനുവദിക്കുക, ജലസേചന സൊകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങി പതിനേഴു് ഇന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണു് സമരം നടക്കുന്നതു്. അഞ്ചു് ദിവസക്കാലം തെരഞ്ഞെടുക്കപ്പെട്ട സമര വൊളണ്ടിയര്‍മാരാണു് മുഴുവന്‍ സമയവും സമരത്തില്‍ പങ്കെടുക്കുക. ആയിരക്കണക്കിനു് കര്‍ഷകര്‍ സമരത്തിനു് അഭിവാദ്യം അര്‍പ്പിച്ചു് സമര പന്തലിലേയ്ക്കു് പ്രകടനം നടത്തി. തുടര്‍ന്നു് നടന്ന ഉല്‍ഘാടന യോഗത്തില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടു് അഡ്വ. പി എം ഇസ്മയില്‍ അദ്ധ്യക്ഷനായി. സിഐടിയു സംസ്ഥാന പ്രസിഡണ്ടു് സ. കെ എന്‍ രവീന്ദ്രനാഥ്, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സ. ടി കെ മോഹനന്‍, സ്വാഗത സംഘം ചെയര്‍മാന്‍ സ. സി കെ പരീതു് എന്നിവര്‍ സംസാരിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം. പി പത്രോസ്, സി ഐ ടി യു ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍, എ ഐ കെ എസ് കേന്ദ്ര കമ്മിറ്റി അംഗം ശ്രീരഞ്ജിനി വിശ്വനാഥന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എന്‍ രാധാകൃഷ്ണന്‍, എം സി സുരേന്ദ്രന്‍, പി കെ സോമന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി ആര്‍ ഗോപിനാഥ്, കെ എസ് രാജേന്ദ്രന്‍, കെ എന്‍ നായര്‍, വൈസ് പ്രസിഡണ്ടു് ടി കെ വത്സന്‍, ജില്ലാ ട്രഷറര്‍ കെ വി ഏലിയാസ്, വിഎസ് ഷഢാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കര്‍ഷക സത്യാഗ്രഹത്തോടനുബന്ധിച്ചു് കൊച്ചിന്‍ കതൃക്കടവു് കുട്ടിക്കൂട്ടം നാടന്‍ പാട്ടു് അവതരിപ്പിച്ചു. സമരത്തിന്റെ ഈ അഞ്ചു് ദിവസങ്ങളിലും വിവിധ സെഷനുകളിലായി കൃഷിയുമായി ബന്ധപ്പെടുത്തി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കുന്നതാണു്. ഏപ്രില്‍ 26 നു് വൈകിട്ടു് നാലു് മണിക്കു് പ്രതി പക്ഷ നേതാവു് വി എസ് അച്ചുതാനന്ദന്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്തു് സംസാരിക്കും.

ഏപ്രില്‍ 27 നു് വൈകിട്ടു് അഞ്ചു് മണിക്കു് നടക്കുന്ന സമാപന സമ്മേളനം കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍ ഉല്‍ഘാടനം ചെയ്യും.

No comments:

Post a Comment