Monday, 30 April 2012


കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ നടന്നു് വന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ 27 നു് രാവിലെ ഹെഡ് ലോഡ് ആന്റു് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) വിന്റെ നേതൃത്വത്തില്‍ സമര സഖാക്കളെ അഭിവാദ്യം ചെയ്തു കൊണ്ടു് പ്രകടനം നടന്നു. സി ഐ ടി യു സംസ്ഥാന ഖജാന്‍ജി കെ എം സുധാകരന്‍ സംസാരിച്ചു. യോഗത്തില്‍ കെ ആര്‍ ബാബു അദ്ധ്യക്ഷനായി. കെ ടി എല്‍ദോ സ്വാഗതം പരഞ്ഞു. പാര്‍ടി ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കര്‍ യോഗത്തില്‍ സംസാരിച്ചു. സംഘം ജില്ലാ കമ്മിറ്റി അംഗം സബിതാ കരിം നന്ദി പരഞ്ഞു. വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടു് എ പി ലൌലി അഭിവാദ്യം ചെയ്തു് സംസാരിച്ചു. സംഘം ജില്ലാ കമ്മിറ്റി അംഗം എസ് മോഹനന്‍ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി തോമസ്, വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കളമശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ലഘു നാടകവും ശങ്കരന്‍ മാസ്റ്ററും സംഘവും അവതരിപ്പിച്ച ചാക്യാര്‍ കൂത്തും വേദിയില്‍ അരങ്ങേറി.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സമര സഖാക്കളെ അഭിവാദ്യം ചെയ്തു കൊണ്ടു് പ്രകടനം നടന്നു. ജില്ലാ സെക്രട്ടറി ഹെന്നി ബേബി സംസാരിച്ചു.

വൈകിട്ടു് നാല് മണിക്കു് കോലഞ്ചേരി, കവളങ്ങാടു്, കളമശ്ശേരി, അങ്കമാലി എന്നീ ഏരിയ കമ്മിറ്റികളില്‍ നിന്നു് ആയിരക്കണക്കിനു് കര്‍ഷകര്‍ അഭിവാദ്യ പ്രകടനമായെത്തി. തുടര്‍ന്നു് നടന്ന സമാപന സമ്മേളനം അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി കെ പരീതു് അദ്ധ്യക്ഷനായി. സംഘം ജില്ലാ പ്രസിഡണ്ടു് അഡ്വ. പി എം ഇസ്മയില്‍ സ്വാഗതം പറഞ്ഞു. സംഘം സംസ്ഥാന ജോയിന്റു് സെക്രട്ടറി ജോര്‍ജ്ജ് മാത്യു സമരത്തെ അഭിവാദ്യം ചെയ്തു് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ മോഹനന്‍ സമരം വന്‍ വിജയമാക്കി മാറ്റിയ സമര സഖാക്കള്‍ക്കും സംഘാടക സമിതിയ്ക്കും കര്‍ഷകര്‍ക്കും നന്ദി പറഞ്ഞു. സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം വി പി ശശീന്ദ്രന്‍, സംഘം കേന്ദ്ര കമ്മിറ്റി അംഗം ശ്രീരഞ്ജിനി വിശ്വനാഥന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സി സുരേന്ദ്രന്‍, കെ എന്‍ രാധാകൃഷ്ണന്‍, പി കെ സോമന്‍, സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ എന്‍ നായര്‍, കെ എസ് രാജേന്ദ്രന്‍, ട്രഷറര്‍ കെ വി ഏലിയാസ്, ടി ഐ ശശി, സോണി കോമത്തു്, സിപിഐ (എം) തൃക്കാക്കര ഈസ്റ്റു് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മോഹനന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

അഞ്ചു് ദിവസമായി നടന്നു വന്ന കര്‍ഷക സത്യഗ്രഹത്തിനു് സമാപനം കുറിച്ചു കൊണ്ടു് സമര വേദിയില്‍ സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സമരാഗ്നി തെളിച്ചു. തുടര്‍ന്നു് സമര വൊളണ്ടിയര്‍മാരും കര്‍ഷകരും സമരാഗ്നി ഏറ്റുവാങ്ങി. സംഘം ജില്ലാ സെക്രട്ടറി ടി കെ മോഹനന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ സന്നിഹിതരായിരുന്ന എല്ലാവരും ഏറ്റു് ചൊല്ലിയതോടെ സമരം സമാപിച്ചു.

പട്ടയം, ജലസേചന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നു് എറണാകുളം ജില്ലാ കളക്ടര്‍ കര്‍ഷക സംഘം ഭാരവാഹികളഅ‍ക്കു് ഉറപ്പു് നല്‍‍കി -

എറണാകുളം ജില്ലയിലെ പട്ടയം, ജലസേചന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് കലക്ടര്‍ ഷേഖ്പരീത് കേരള കര്‍ഷകസംഘം പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. കര്‍ഷകസംഘം സംഘടിപ്പിച്ച പഞ്ചദിന സത്യഗ്രഹത്തെത്തുടര്‍ന്നാണ് സംഘം ഭാരവാഹികളുമായി കലക്ടര്‍ ചര്‍ച്ചനടത്തിയത്. 23 മുതല്‍ 27 വരെ കലക്ടറേറ്റിനുമുന്നില്‍ നടത്തിയ പഞ്ചദിന കര്‍ഷക സത്യഗ്രഹത്തിന്റെ ഭാഗമായി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഗസ്റ്റ്ഹൗസില്‍ യോഗം വിളിച്ചത്.

കൊച്ചി, വൈപ്പിന്‍ തീരദേശ മേഖലകളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 1500 പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഇവരില്‍ റവന്യുവകുപ്പിന് നല്‍കിയിട്ടുള്ള കൈവശക്കാരുടെ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ജന്മിമാരില്‍നിന്ന് ഭൂമി തീറുവാങ്ങി കൈവശംവച്ചുവരുന്ന കോതമംഗലം, പറവൂര്‍, പെരുമ്പാവൂര്‍, താലൂക്കുകളിലെ ഭൂവുടമകള്‍ക്ക് ഭൂമി നിയമവിരുദ്ധമായി മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ നികുതി അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ 2005 വരെ കൈവശഭൂമിയുള്ള മുഴുവന്‍ കുടിയാന്മാരെയും മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കി തീറാധാരം സ്ഥിരപ്പെടുത്തി ഭൂനികുതി അടയ്ക്കാന്‍ അനുമതി നല്‍കുന്നതിന് ലാന്‍ഡ് ബോര്‍ഡുകള്‍ ജൂണില്‍ കലക്ടറേറ്റില്‍ അദാലത്ത് നടത്തും.

ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയില്‍ താമസിച്ച് കൃഷിചെയ്യുന്ന 5000 കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുന്നു. ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുപോലും പട്ടയം നല്‍കുന്നതിന് അനുമതിയുണ്ടായിട്ടില്ല. പതിച്ചുനല്‍കാവുന്ന വനഭൂമിയുടെ പരിധി കഴിഞ്ഞെന്ന ന്യായമാണ് ഇതിനു പറയുന്നത്. പ്രകൃതിക്ഷോഭംമൂലം വീടും കൃഷിയും നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് ഫോറസ്റ്റ് റവന്യു ഉദ്യോഗസ്ഥരുടെയും കര്‍ഷകസംഘം പ്രതിനിധികളുടെയും യോഗം ജൂണില്‍ വിളിക്കും. ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പട്ടയം നല്‍കുന്നതിന് മുന്നോടിയായി മുഴുവന്‍ കര്‍ഷകര്‍ക്കും കൈവശരേഖ നല്‍കും. സോപാധിക പട്ടയം ലഭിച്ചിട്ടുള്ള കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും.

ജില്ലയിലെ 127 ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകള്‍ നവീകരിക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 36 കോടി രൂപ അനുവദിച്ചിരുന്നു. കാലഹരണപ്പെട്ട പമ്പുസെറ്റുകള്‍ മാറ്റിവയ്ക്കാനും ജീര്‍ണിച്ച പമ്പ്ഹൗസുകള്‍ പുനര്‍നിര്‍മിക്കുന്നതിനും കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമാണ് തുക അനുവദിച്ചത്. സക്ഷന്‍ പമ്പുകളും പൈപ്പുകളും വാങ്ങുന്നതിന് 110 ടെന്‍ഡറുകളില്‍ 40 എണ്ണത്തില്‍ മാത്രമാണ് കരാറുകാര്‍ എഗ്രിമെന്റ് വച്ചത്. 30 ടെന്‍ഡറുകള്‍ മാത്രമാണ് ഭാഗികമായിട്ടെങ്കിലും പൂര്‍ത്തിയായത്. ഭീമമായ സംഖ്യ ചെലവഴിച്ചിട്ടും കൃഷിക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിച്ചില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയോടെ അടിയന്തരമായി ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

എസ് ശര്‍മ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. പി എം ഇസ്മയില്‍, ജില്ലാ സെക്രട്ടറി ടി കെ മോഹനന്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ലാന്‍ഡ് അസൈന്‍മെന്റ് ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sunday, 29 April 2012

കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ ജില്ലാ കളക്ടറുമായി സംഘം നേതാക്കള്‍ 30-04-2012 നു് ചര്‍ച്ച ചെയ്യുന്നു - ജില്ലാ കളക്ടര്‍ക്കയച്ച കത്തു്.



ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കളക്ടര്‍ക്കു്,

കേരള കര്‍ഷക സംഘം ജില്ലകളിലെ ഓരോ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 23 മുതല്‍ 27 വരെ കൃഷിക്കാരുടെ പഞ്ചദിന സത്യഗ്രഹം സംഘടിപ്പിക്കുകയാണു്. കര്‍ഷക ആത്മഹത്യ തടയുക, അതിനായി കര്‍ഷകര്‍ക്കു് ആശ്വാസമെത്തിക്കുകയും അവരോടൊപ്പം സമൂഹം ഉണ്ടെന്നു് ഉറപ്പു് നല്‍കുകയും കൃഷി ആദായകരമാക്കുകയും ചെയ്യുന്നതിനായി കാര്‍ഷികാവശ്യ സാമഗ്രികളുടെ വില വര്‍ദ്ധനവു് തടയുക, കാര്‍ഷികോല്പന്നങ്ങള്‍ക്കു് ന്യായമായ വില ലഭ്യമാക്കുന്നതിനു് അവയുടെ വിലയിടിക്കുന്ന നയനടപടികള്‍ തിരുത്തുക, കൃഷി സാദ്ധ്യമാക്കുന്നതിനും ആദായകരമാക്കുന്നതിനും കാര്‍ഷിക ജലസേചനമടക്കം പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുക, കാര്‍ഷിക സഹായ ധനം ഉയര്‍ത്തുക, കാര്‍ഷികവായ്പ ഉദാരമാക്കുകയും കാര്‍ഷിക കടാശ്വാസ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണു് സമരം സംഘടിപ്പിക്കുന്നതു്.

പതിനേഴു് മൂര്‍ത്തമായ ആവശ്യങ്ങളാണു് ഉന്നയിക്കപ്പെടുന്നതു്. അവയില്‍ പലതും സര്‍ക്കാരിന്റെ നയപരമായ തലത്തില്‍ പെടുന്നവയാണെങ്കില്‍ ചിലവ പ്രഖ്യാപിത നയവും അവയ്ക്കായി കൈക്കൊണ്ടിട്ടുള്ള പദ്ധതികളുടേയും നടപടികളുടേയും നടത്തിപ്പുമായി ബന്ധപ്പെട്ടതാണു്. അങ്ങയുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ നടപടികളും പദ്ധതി നിര്‍വഹണ വേഗതയും അവയുടെ ഗുണമേന്മയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കാന്‍ താങ്കള്‍ക്കു് കഴിയുമെന്നതിനാല്‍ നമ്മുടെ ജില്ലയെ ബാധിക്കുന്ന അത്തരം ചില പ്രശ്നങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുവാനും അടിയന്തിര നടപടി ഉണ്ടാവണമെന്ന അപേക്ഷ സമര്‍പ്പിക്കാനും കേരള കര്‍ഷക സംഘം ജില്ലാ പ്രതിനിധികള്‍ക്കു് താങ്കളുമായി ഒരു കൂടിക്കാഴ്ച അനുവദിക്കണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.

പ്രസ്തുത കൂടിക്കാഴ്ചയില്‍ താഴെ പറയുന്ന വിഷയങ്ങളാണു് കര്‍ഷക സംഘം ഉന്നയിക്കാനാഗ്രഹിക്കുന്നതു്.




  1. കര്‍ഷകര്‍ക്കു് പട്ടയം നല്‍കുക.
  2. ജലസേചന രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുക
  3. പ്രകൃതി ക്ഷോഭത്തിനിരയായ കര്‍ഷകര്‍ക്കു് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക
  4. കൊപ്ര സംഭരിക്കാനുള്ള അടിയന്തിര നടപടി എടുക്കുക
  5. അര്‍ഹരായ കര്‍ഷകര്‍ക്കു് ബാങ്കു് വായ്പ ലഭ്യമാക്കാന്‍ ബാങ്കു് കൂടിയാലോചനാ സമിതികളില്‍ ജില്ലാതല അധികാരികളുടെ പങ്കാളിത്തം സജീവമായി ഉപയോഗിക്കുക. കൃഷി വകുപ്പിന്റെ ഊര്‍ജ്ജ്വസ്വലമായ ഇടപെടലും സഹായവും ഉണ്ടാവുക.
  6. കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുക. നഷ്ടമുണ്ടായവര്‍ക്കു് അടിയന്തിര നഷ്ട പരിഹാരം നല്‍കുക.
  7. ജില്ലയിലെ വിത്തുല്പാദന കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക
  8. നിലവിലുള്ള വിള ഇന്‍ഷുറന്‍സു് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക

മേല്‍ പ്രശ്നങ്ങളില്‍ കര്‍ഷക സംഘവുമായി ചര്‍ച്ച നടത്തി അടിയന്തിര ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും മറ്റു് വിഷയങ്ങളില്‍ കൃഷിക്കാരുടെ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു് വന്നു് പരിഹാരം കാണാന്‍ സഹായിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

                          വിശ്വസ്തതയോടെ

പി എം ഇസ്മയില്‍                                     ടി കെ മോഹനന്‍
പ്രസിഡണ്ടു്                                            സെക്രട്ടറി
         കേരള കര്‍ഷക സംഘം, എറണാകുളം ജില്ല.

എറണാകുളം,
23-04-2012.

Thursday, 26 April 2012

പഞ്ചദിന കര്‍ഷക സത്യഗ്രഹം - എറണാകുളം കളക്ട്രേറ്റിനു് മുമ്പില്‍ നാലാം ദിവസം - സ. വി എസ് സത്യഗ്രഹികളെ അഭിവാദ്യം ചെയ്തു



കര്‍ഷക സംഘം കളക്ട്രേറ്റിനു് മുന്നില്‍ നടത്തിക്കൊണ്ടിരിക്കുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ നാലാം ദിവസമായ ഏപ്രില്‍ 26 നു് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രന്‍ പിള്ള സത്യഗ്രഹ സമര സഖാക്കളെ അഭിവാദ്യം ചെയ്തു് സംസാരിച്ചു. എന്‍ കെ പ്രദീപ് അദ്ധ്യക്ഷനായി. രാജീവ് സ്വാഗതം പറഞ്ഞു. ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നൂറു് കണക്കിനു് കുട്ടികള്‍ സമരത്തോടു് അനുഭാവം പ്രകടിപ്പിച്ചു് സമര കേന്ദ്രത്തിലേയ്ക്കു് പ്രകടനമായെത്തി. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സി എന്‍ മോഹനന്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ തുളസി എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു. കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തിലേയ്ക്കു് അനുഭാവ പ്രകടനം നടന്നു. കെ എസ് കെ ടി യു ജില്ലാ ജോയിന്റു് സെക്രട്ടറി എം കെ മോഹനന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. പി പത്രോസ്, സി വി ഔസേപ്പു്, പി കെ വര്‍ഗ്ഗീസ്, വി എം ശശി എന്നിവര്‍ പ്രകടനത്തിനു് നേതൃത്വം നല്‍കി. കേരള ഗവണ്മേണ്ടു് പ്രസസ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) ന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ജില്ലാ സെക്രട്ടറി ടി എസ് രാമപ്രസാദ് സംസാരിച്ചു. കേന്ദ്ര ഗവണ്മേണ്ടു് ജീവനക്കാര്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സമരത്തിനു് അനുഭാവം പ്രകടപ്പിച്ചു് സമര കേന്ദ്രത്തിലേയ്ക്കു് പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി ജി ശശീന്ദ്രന്‍ സംസാരിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സമരത്തിനു് അനുഭാവം പ്രകടിപ്പിച്ചു് പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ ബി ജയപ്രകാശ് സംസാരിച്ചു. കെ ജി ഒ എ യുടെ നേതൃത്വത്തില്‍ സമര കേന്ദ്രത്തിലേയ്ക്കു് അഭിവാദ്യ പ്രകടനം നടന്നു. ജില്ലാ സെക്രട്ടറി ഗീവര്‍ഗീസ് സംസാരിച്ചു.

വൈകിട്ടു് നാലു് മണിക്കു് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തരിശു് നിലം കൃഷി ചെയ്ത കര്‍ഷകരെ ആദരിക്കുന്ന ചടങ്ങു് സംഘടിപ്പിക്കപ്പെട്ടു. ചടങ്ങില്‍ സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല അദ്ധ്യക്ഷയായി. എന്‍ പി ഷണ്മുഖന്‍ സ്വാഗതം പറഞ്ഞു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കര്‍ഷകരെ ആദരിച്ചു. സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍, സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. സംഘം ജില്ലാ പ്രസിഡണ്ടു് അഡ്വ പി എം ഇസ്മയില്‍, സെക്രട്ടറി ടി കെ മോഹനന്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി കെ പരീതു് എന്നിവര്‍ പരിപാടിക്കു് നേതൃത്വം നല്‍കി. സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്ചുതാനന്ദന്‍ സമര കേന്ദ്രത്തിലെത്തി സമര വൊളണ്ടിയര്‍മാരെ അഭിവാദ്യം ചെയ്തു. കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിനു് ജനങ്ങള്‍ സമര കേന്ദ്രത്തില്‍ തടിച്ചു് കൂടിയിരുന്നു.

വൈകിട്ടു് ആറര മണിക്കു് ടി കെ രാമകൃഷ്ണന്റെ സമര ജീവിതത്തെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഏഴര മണിക്കു് സൂര്യ ടിവിയിലെ പ്രശസ്ത കോമഡി ഷോയായ "രസികരാജാ നമ്പര്‍ വണ്‍" എന്ന പരിപാടിയുടെ അവതാരകര്‍ അവതരിപ്പിച്ച കോമഡി ഷോയും ഉണ്ടായിരുന്നു.

Wednesday, 25 April 2012

കാര്‍ഷിക പ്രശ്നങ്ങള്‍ കവിതയിലൂടെയും - പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റു് സെക്രട്ടറി ബാബുരാജ് വൈറ്റില




പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റു് സെക്രട്ടറി ബാബുരാജ് വൈറ്റില കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കവിത അവതരിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളും കാര്‍ഷിക മേഖലയും - സെമിനാറില്‍ പി രാജീവ് എം പി യുടെ പ്രഭാഷണം





കര്‍ഷക ആത്മഹത്യയടക്കം കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ക്കു് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടു് കേരള കര്‍ക സംഘം എറണാകുളം കളക്ട്രേറ്റിനു് മുമ്പില്‍ ആരംഭിച്ചിരിക്കുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ ഭാഗമായി "കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളും കാര്‍ഷക മേഖലയും" എന്ന വിഷയത്തെ അധികരിച്ചു് സി. പി . ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. പി രാജീവ് എം. പി പ്രഭാഷണം നടത്തി. കേന്ദ്ര ബഡ്ജറ്റു് യുപിഎ സര്‍ക്കാരിന്റെ നവ ഉദാര നയങ്ങളുടെ തുടര്‍ച്ച കാണിക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫിന്റെ ബഡ്ജറ്റു് കഴിഞ്ഞ അഞ്ചു് എല്‍ഡിഎഫ് ബഡ്ജറ്റുകളില്‍ നിന്നു് വ്യത്യസ്ഥമായി നവ ഉദാരവല്‍ക്കരണ പാതയിലേക്കു് കേരളത്തെ നയിക്കുന്നതിനുള്ള ശ്രമത്തിനു് തുടക്കമിടുകയും ചെയ്തു. വളത്തിനും കീടനാശിനികള്‍ക്കും വില വര്‍ദ്ധനവു് ഉണ്ടാക്കുന്ന സമീപനമാണു് കേന്ദ്ര ബഡ്ജറ്റില്‍ പ്രകടമാകുന്നതു്. കര്‍ഷകര്‍ക്കു് നല്‍കുന്ന കാര്‍ഷിക ധന സഹായം ബാങ്കിലൂടെ നല്‍കുമെന്ന പ്രഖ്യാപനം ഫലത്തില്‍ കൃഷിക്കാര്‍ക്കു് ഗുണമൊന്നും ചെയ്യുന്നില്ല. ബാങ്കുകള്‍ കാര്‍ഷിക കടം അധികവും നല്‍കുന്നതു് യഥാര്‍ത്ഥ കൃഷിക്കാര്‍ക്കല്ല, മറിച്ചു് സ്വര്‍ണ്ണപ്പണയം പോലും കാര്‍ഷക കടത്തില്‍ പെടുത്തി അവയുടെ കടമ തികയ്ക്കുകയാണു് ചെയ്യുന്നതു്. ഇന്ത്യയുടെ ഭരണ വര്‍ഗ്ഗ നയങ്ങളുടെ പരിമിതികള്‍ നിലനില്‍ക്കുമ്പോഴും എല്‍ഡിഎഫ് ബഡ്ജറ്റുകള്‍ ഉദാരവല്‍ക്കരണത്തിനു് ഒരു പരിധിവരേയെങ്കിലും ബദല്‍ നയ-നടപടികള്‍ നടപ്പാക്കുന്നവയായിരുന്നു. ആ സമീപനം മുലമാണു് കേരളത്തില്‍ കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനു് കഴിഞ്ഞതു്. കര്‍ഷകര്‍ക്കു് ആശ്വാസം നല്‍കുന്ന സമീപനം കൃഷിക്കാരില്‍ ആത്മവിശ്വാസം ജനപ്പിക്കുകയും ആത്മഹത്യയില്‍ നിന്നു് പിന്തിരിയാന്‍ അവര്‍ പ്രേരിപ്പിക്കപ്പെടുകയുമായിരുന്നു. എന്നാല്‍ യുഡിഎഫിന്റെ കെ എം മാണി അവതരിപ്പിച്ച ബഡ്ജറ്റില്‍ കര്‍ഷകര്‍ക്കു് ആശ്വാസം നല്‍കുന്നതിനു് പകരം ഹൈ-ടെക് കൃഷി പ്രോത്സാഹനമാണുണ്ടായതു്. സ്വാഭാവികമായും കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യയില്‍ ശരണം പ്രാപിച്ചു് തുടങ്ങി. ഇതിനെതിരായി സമരം നയിക്കുന്ന കേരള കര്‍ഷക സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

സെമിനാറില്‍ എ ഐ കെ എസ് കേന്ദ്ര കമ്മിറ്റി അംഗം ശ്രീരഞ്ജിനി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര ഈസ്റ്റു് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മോഹനന്‍ സ്വാഗതം ആശംസിച്ചു. സിഐടിയുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തിലേയ്ക്കു് അഭിവാദ്യ പ്രകടനം നടത്തി. സിഐടിയു മേഖലാ സെക്രട്ടറി പി എം അലി സത്യഗ്രഹികളെ അഭിവാദ്യം ചെയ്തു് സംസാരിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത എകെജി സിനിമ സമര കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചു.

കര്‍ഷക സംഘം പഞ്ചദിന സത്യഗ്രഹ വേദിയില്‍ യൂണിവേഴ്സിറ്റി കലാ പ്രതിഭ നീനു രാജീവ് "കയ്യൂരിന്റെ അമ്മ" കഥാപ്രസംഗം പറയുന്നു.




യൂണിവേഴ്സിറ്റി കലാ പ്രതിഭ നീനു രാജീവു് "കയ്യൂരിന്റെ അമ്മ" കഥാപ്രസംഗം അവതരിപ്പിക്കുന്നു.

ഭൂമാഫിയകളെ കര്‍ഷകര്‍ നേരിടും - സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു



കര്‍ഷകരുടെ പഞ്ച ദി സത്യഗ്രഹത്തിന്റെ കാക്കനാടു് വേദി ഉല്‍ഘാടനം ചെയ്യവെ, ഭൂമാഫിയ വിളയാട്ടങ്ങളാണു് കൃഷി അസാദ്ധ്യമാക്കുന്നതിലെ പ്രധാനപ്പെട്ട ഒരു ഘടകമെന്നു് സ. ഗോവിന്ദന്‍ മാസ്റ്റര്‍ സൂചിപ്പിച്ചു. കേരള സംസ്ഥാനത്തു് എറണാകുളത്താണു് ഭൂ മാഫിയ പ്രവര്‍ത്തനം ഏറ്റവും വലിയ തോതില്‍ നടക്കുന്നതു്. പെരുമ്പാവൂരില്‍ 46 ഏക്കര്‍ പാടമാണു് മണ്ണിട്ടു് നികത്തിക്കൊണ്ടിരിക്കുന്നതു്. ഈ കര്‍ഷക സമരം കഴിഞ്ഞാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഈ ഭൂവിനിയോഗ മാറ്റം തടയാന്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും സംയുക്തമായി അങ്ങോട്ടു് മാര്‍ച്ചു് ചെയ്യുമെന്നു് അദ്ദേഹം പ്രഖ്യാപിച്ചു. സമര സഖാക്കള്‍ ഈ പ്രഖ്യാപനം ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു.


പഞ്ചദിന കര്‍ഷക സത്യഗ്രഹം കേരള സ്റ്റേറ്റു് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ. ഗോവിന്ദന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യുന്നു



പഞ്ച ദിന സത്യഗ്രഹം - ആവേശം തിരതല്ലിയ മൂന്നാം ദിവസം


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ കാര്‍ഷിക നയങ്ങള്‍ക്കെതിരായി കേരള കര്‍ഷക സംഘം സംഘടിപ്പിച്ചിട്ടുള്ള മൂന്നാം ദിവസം പിന്നിട്ട പഞ്ച ദിന സത്യഗ്രഹ സമരം ജന പങ്കാളിത്തം കൊണ്ടു് ശ്രദ്ധയാകര്‍ഷിക്കുന്നു. രാവിലെ കോതമംഗലം, പെരുമ്പാവൂര്‍, നെടുമ്പാശ്ശേരി എന്നീ ഏരിയകളില്‍ നിന്നു് ആയിരക്കണക്കിനു് കര്‍ഷകര്‍ സമരത്തിനു് അഭിവാദ്യം അര്‍പ്പിച്ചു് പ്രകടനം നടത്തി.

തുടര്‍ന്നു് പ്രൊ. സി രവീന്ദ്രനാഥ് എം എല്‍ എ "കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ബദല്‍ നിര്‍ദ്ദേശങ്ങളും" എന്ന വിഷയം ആസ്പദമാക്കി കര്‍ഷകരുമായി ആശയ സംവാദം നടത്തി. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി സമര കേന്ദ്രത്തിലെത്തി സമര സഖാക്കളെ അഭിവാദ്യം ചെയ്തു.

ഓട്ടോ ടാക്സി വര്‍ക്കേഴ്സ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ സമര സഖാക്കളെ അഭിവാദ്യം ചെയ്തുകൊണ്ടു് പ്രകടനം നടത്തപ്പെട്ടു. സംസ്ഥാന പ്രസിഡണ്ടു് എം ബി സ്യമന്തഭദ്രന്‍ സംസാരിച്ചു. എ ഐ വൈ എഫ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തി സമര വോളണ്ടിയര്‍മാരെ അഭിവാദ്യം ചെയ്തു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ടി സി സന്‍ജിത് സംസാരിച്ചു. ടി എം ഹാരിസ്, കെ ടി രാജേന്ദ്രന്‍, കെ കെ സുമേഷ്, കെ ടി മധു, അജിത് അരവിന്ദ് എന്നിവര്‍ പ്രകടനത്തിനു് നേതൃത്വം നല്‍കി.

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെ ആസ്പദമാക്കി ആരാധന ആര്‍ നായര്‍ ഓട്ടന്‍ തുള്ളലും സുരേഷ് മാഞ്ഞാലി, സുമേഷ് ചേര്‍ത്തല എന്നീ യുവകലാകാരന്മാരും ചേര്‍ന്നു് മിമിക്സ് പരേഡും
അവതരിപ്പിച്ചു.

വൈകിട്ടു് നാലിനു് വളം വില വര്‍ദ്ധനവും കര്‍ഷകരും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുകയുണ്ടായി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം സി സുരേന്ദ്രന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. ഡോ. എം പി സുകുമാരന്‍ നായര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. വി ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറില്‍ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എന്‍ നായര്‍ അദ്ധ്യക്ഷനായി. കെ എസ് രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സമര കേന്ദ്രത്തിലേയ്ക്കു് പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എല്‍ ആര്‍ ശ്രീകുമാര്‍ സമരത്തെ അഭിവാദ്യം ചെയ്തു് സംസാരിച്ചു. എന്‍ ജി ഒ യുണിയന്റെ നേതൃത്വത്തില്‍ സമര വൊളണ്ടിയര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ടു് പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലത സംസാരിച്ചു. ജില്ലാ പ്രസിഡണ്ടു് കെ പി സുരേഷ് ബാബു, ജില്ലാ സെക്രട്ടറി എന്‍ കൃഷ്ണപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി ബി ജഗദീഷ് എന്നിവര്‍ പ്രകടനത്തിനു് നേതൃത്വം നല്‍കി.

സതീശന്‍ മൂവാറ്റുപുഴ എന്ന കലാകാരന്‍ കയ്യൂര്‍ കര്‍ഷക സമര നായകന്‍ ഇ കെ നയാനാരെ വേദിയില്‍ ദൃശ്യവല്‍ക്കരിച്ചു.

സിഐടിയുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തിലേയ്ക്കു് അഭിവാദ്യ പ്രകടനം നടന്നു. സിഐടിയു ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍ സമര ഭടന്മാരെ അഭിവാദ്യം ചെയ്തു് സംസാരിച്ചു.

ഏകെജിയുടെ ഐതിഹാസികമായ അമരാവതി സമരം ഇതിവൃത്തമാക്കിയുള്ള "ക്ലാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു" എന്ന ഏക പാത്ര നാടകം കണ്ണൂര്‍ രജിത മധു അവതരിപ്പിച്ചു. തുടര്‍ന്നു് ടി കെ രാമകൃഷ്ണന്റെ സമര ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

സമരത്തിന്റെ നാലാം ദിവസമായ 26-ആം തീയതി മൂവാറ്റുപുഴ, ആലുവ, കാലടി, കൂത്താട്ടുകളം മേഖലകളില്‍ നിന്നും കര്‍ഷകര്‍ പങ്കെടുക്കും. രാവിലെ 10 മണിക്കു് സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എം. സി ജോഫൈന്‍, സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. എം. സുധാകരന്‍, എസ് ശര്‍മ്മ എം എല്‍ എ, കര്‍ഷക സംഘം സംസ്ഥാന ജോയിന്റു് സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ കര്‍ഷകരെ അഭിവാദ്യം ചെയ്തു് സംസാരിക്കും. 11 മണിക്കു് യുവ സിനിമാതാരം അനിയപ്പന്‍ അവതരിപ്പിക്കുന്ന "വിമര്‍ശനക്കൂത്തു്" അരങ്ങേറും. വൈകിട്ടു് നാലു് മണിക്കു് പ്രതിപക്ഷ നേതാവു് വി എസ് അച്ചുതാനന്ദന്‍ സമര സഖാക്കളെ അഭിവാദ്യം ചെയ്തു് സംസാരിക്കും. കെ ചന്ദ്രന്‍ പിള്ള യോഗത്തില്‍ സംസാരിക്കും. ഏഴു് മണിക്കു് "ബുദ്ധ കൊളാപ്സ്ഡ് ഔട്ടു് ഓഫ് ഷെയിം" എന്ന അഫ്ഗാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതാണു്.

പഞ്ചദിന സത്യഗ്രഹം - രണ്ടാം ദിവസം


കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചദിന സത്യഗ്രഹം കര്‍ഷകരുടെ ആവേശമായി മാറുന്നു. രാവിലെ വൈറ്റില, കൊച്ചി, പറവൂര്‍, വൈപ്പിന്‍ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു് കര്‍ഷകര്‍ സമര കേന്ദ്രത്തിലേയ്ക്കു് അഭിവാദ്യ പ്രകടനം നടത്തി. അഡ്വ. എന്‍ എ അലി, എ ജെ ഇഗ്നേഷ്യസ്, എം എസ് ഹരിഹരന്‍, എ ആര്‍ ചന്ദ്രബോസ്, എം. കെ അഭി, എ എ സുരേഷ് ബാബു എന്നിവര്‍ പ്രകടനത്തിനു് നേതൃത്വം നല്‍കി.

ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമാ നിര്‍മ്മാതാവു് നവോദയ അപ്പച്ചനു് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണു് സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിനം ആരംഭിച്ചതു്.

"കാര്‍ഷിക മേഖലയും മാധ്യമങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രഭാഷണം നടത്തി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ എന്‍ രാധാകൃഷ്ണന്‍ സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ വി ഏലിയാസ് സ്വാഗതം പറഞ്ഞു.

സെമിനാറിനു് ശേഷം യൂണിവേഴ്സിറ്റി കലാ പ്രതിഭ നീനു രാജീവു് "കയ്യൂരിന്റെ അമ്മ" കഥാപ്രസംഗം അവതരിപ്പിച്ച. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റു് സെക്രട്ടറി ബാബുരാജ് വൈറ്റില കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കവിത അവതരിപ്പിക്കുകയുമുണ്ടായി.

Monday, 23 April 2012

സമരം ജനങ്ങളുടെ ഉത്സവമാണു്, ഉത്സവങ്ങള്‍ ചേരുന്നതു് മഹോത്സവമാണു്, ഈ മഹോത്സവമാണു് വിപ്ലവം, വിപ്ലവമാണു് സമൂഹ്യ പരിവര്‍ത്തനമുണ്ടാക്കുന്നതു്.


കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നു് ആവശ്യപ്പെട്ടു കൊണ്ടു് കൃഷിയേയും കര്‍ഷകരേയും രക്ഷിക്കാനുള്ള കേരള കര്‍ഷക സംഘത്തിന്റെ പഞ്ച ദിന കര്‍ഷക സത്യാഗ്രഹം എറണാകുളം കളക്ട്രേറ്റിനു് മുമ്പില്‍ ആരംഭിച്ചു. വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച വിളകള്‍ കൊണ്ടു് അലംകൃതമായ സമര പന്തലില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സമരം ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഭൂമാഫിയയ്ക്കെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. കേരളത്തില്‍ എറണാകുളത്താണു് ഏറ്റവുമേറെ ഭൂമാഫിയ പ്രവര്‍ത്തനം നടക്കുന്നതെന്നു് ആദ്ദേഹം സൂചിപ്പിച്ചു. പെരുമ്പാവൂരില്‍ 46 ഏക്കര്‍ പാടം നികത്തിക്കൊണ്ടിരിക്കുന്നിടത്തേയ്ക്കാണു് കര്‍ഷകരും കര്‍ഷക തൊഴിലാളികളും മാര്‍ച്ചു് ചെയ്യുക എന്നു് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരുണത്തിലാണു് സമരം ജനങ്ങളുടെ ഉത്സവമാണെന്നും അത്തരം സമരങ്ങളുടെ വേലിയേറ്റമാണു് വിപ്ലവമെന്ന മഹോത്സവമെന്നും അദ്ദേഹം പറഞ്ഞു. ഈ സമര പ്രഖ്യാപനം സമര സഖാക്കളെ ആവേശം കൊള്ളിച്ചു.

കര്‍ഷക ആത്മ ഹത്യ തടയുക, രാസവളം മിതമായ വിലയ്ക്കു് കര്‍ഷകര്‍ക്കു് ലഭ്യമാക്കുക, കര്‍ഷകര്‍ക്കു് ഉപാധി രഹിത പട്ടയം നല്‍കുക, നാലു് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ അനുവദിക്കുക, ജലസേചന സൊകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങി പതിനേഴു് ഇന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണു് സമരം നടക്കുന്നതു്. അഞ്ചു് ദിവസക്കാലം തെരഞ്ഞെടുക്കപ്പെട്ട സമര വൊളണ്ടിയര്‍മാരാണു് മുഴുവന്‍ സമയവും സമരത്തില്‍ പങ്കെടുക്കുക. ആയിരക്കണക്കിനു് കര്‍ഷകര്‍ സമരത്തിനു് അഭിവാദ്യം അര്‍പ്പിച്ചു് സമര പന്തലിലേയ്ക്കു് പ്രകടനം നടത്തി. തുടര്‍ന്നു് നടന്ന ഉല്‍ഘാടന യോഗത്തില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടു് അഡ്വ. പി എം ഇസ്മയില്‍ അദ്ധ്യക്ഷനായി. സിഐടിയു സംസ്ഥാന പ്രസിഡണ്ടു് സ. കെ എന്‍ രവീന്ദ്രനാഥ്, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സ. ടി കെ മോഹനന്‍, സ്വാഗത സംഘം ചെയര്‍മാന്‍ സ. സി കെ പരീതു് എന്നിവര്‍ സംസാരിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം. പി പത്രോസ്, സി ഐ ടി യു ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍, എ ഐ കെ എസ് കേന്ദ്ര കമ്മിറ്റി അംഗം ശ്രീരഞ്ജിനി വിശ്വനാഥന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എന്‍ രാധാകൃഷ്ണന്‍, എം സി സുരേന്ദ്രന്‍, പി കെ സോമന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി ആര്‍ ഗോപിനാഥ്, കെ എസ് രാജേന്ദ്രന്‍, കെ എന്‍ നായര്‍, വൈസ് പ്രസിഡണ്ടു് ടി കെ വത്സന്‍, ജില്ലാ ട്രഷറര്‍ കെ വി ഏലിയാസ്, വിഎസ് ഷഢാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കര്‍ഷക സത്യാഗ്രഹത്തോടനുബന്ധിച്ചു് കൊച്ചിന്‍ കതൃക്കടവു് കുട്ടിക്കൂട്ടം നാടന്‍ പാട്ടു് അവതരിപ്പിച്ചു. സമരത്തിന്റെ ഈ അഞ്ചു് ദിവസങ്ങളിലും വിവിധ സെഷനുകളിലായി കൃഷിയുമായി ബന്ധപ്പെടുത്തി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കുന്നതാണു്. ഏപ്രില്‍ 26 നു് വൈകിട്ടു് നാലു് മണിക്കു് പ്രതി പക്ഷ നേതാവു് വി എസ് അച്ചുതാനന്ദന്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്തു് സംസാരിക്കും.

ഏപ്രില്‍ 27 നു് വൈകിട്ടു് അഞ്ചു് മണിക്കു് നടക്കുന്ന സമാപന സമ്മേളനം കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍ ഉല്‍ഘാടനം ചെയ്യും.